ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ് ചിത്രയെ വിമർശിച്ചതിന്റെ പേരിൽ ഗായകൻ സൂരജ് സന്തോഷിനെതിരെ സൈബർ ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.  ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് കേസ്. അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൈബർ ആക്രമണം.രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വാക്കുകളെയാണ് സൂരജ് വിമർശിച്ചത്.

ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ വിമർശനം. വസ്തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നും സൂരജ് പറഞ്ഞു.

തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗായകരുടെ സംഘനയായ ‘സമ’ (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവീസ്) യിൽ നിന്ന് സൂരജ് സന്തോഷ് രാജിവെച്ചിരുന്നു.

More Stories from this section

family-dental
witywide