
തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി നേപ്പാള്‍ സ്വദേശി രാംകുമാർ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. തിരുവനന്തപുരം, വര്‍ക്കല അയിരൂരിലായിരുന്നു സംഭവം. അയിരൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുഴഞ്ഞുവീണ രാംകുമാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
അയിരൂരിനടുത്ത് ഹരിഹരപുരത്തുള്ള ശ്രീദേവിയമ്മയുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതിയായിരുന്നു രാംകുമാര്‍. ഭക്ഷണത്തില്‍ ലഹരിമരുന്ന് നല്‍കി വീട്ടുകാരെ മയക്കികിടത്തി കവര്‍ച്ച നടത്തുകയായിരുന്ന രാം കുമാറിനെ നാട്ടുകാരാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി സോകിലയുടെ സഹായത്തോടെ രാംകുമാറും സംഘവും മോഷണത്തിന് പദ്ധതിയിട്ടു. സോകില ഭക്ഷണത്തില്‍ ബോധം കെടാനുള്ള മരുന്ന് ചേര്‍ത്തു. തുടര്‍ന്ന് മോഷണസംഘത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവർ പണവും സ്വര്‍ണവുമടക്കം കൈവശപ്പെടുത്തി.
എന്നാല്‍ ബെംഗളൂരുവില്‍ താമസിക്കുന്ന മകന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിക്കുകയും അവര്‍ വന്നുനോക്കിയപ്പോള്‍ വീടിനുള്ളില്‍ മോഷ്ടാക്കളെ കാണുകയുമായിരുന്നു. ഓടി രക്ഷപെടുന്നതിനിടെ കാല്‍ മതിലിലെ കമ്പി വേലിയില്‍ കുടുങ്ങിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മോഷണത്തിനിടെ രാംകുമാര്‍ അടക്കം രണ്ടുപേരാണ് പിടിയിലായത്. സോകില രണ്ടാഴ്ച മുമ്പ് ഇവിടെ വീട്ടുജോലിക്ക് എത്തിയിട്ടേയുള്ളു.
Accused in Robbery case died at police custody in Thiruvananthapuram