മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ രണ്ടാം പിയുസി (പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം) പരീക്ഷയിൽ പങ്കെടുക്കാൻ സ്‌കൂൾ ഹാളിലേക്ക് കയറുന്നതിനിടെ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. ദക്ഷിണ കന്നഡയിലെ കഡബ താലൂക്കിലാണ് സംഭവം.
സെക്കൻഡറി പിയുസി വിദ്യാർഥിനികളായ പെൺകുട്ടികൾ സ്‌കൂൾ ബാൽക്കണിയിൽ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. പരീക്ഷാ ഹാളിലേക്ക് പോകുന്നതിനിടെ മുഖംമൂടിയും തൊപ്പിയും ധരിച്ചെത്തിയ പ്രതികൾ ആസിഡ് എറിയുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള എംബിഎ വിദ്യാർഥിയായ 23കാരൻ അബിൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഡബ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അബിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളും ഇപ്പോൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്, കൂടുതൽ പരിചരണത്തിനായി മംഗളൂരുവിലേക്ക് മാറ്റിയേക്കും. എല്ലാവരുടെയും മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ആക്രമണത്തിന് ഇരയായ പെൺകുട്ടികളും മലയാളികളാണെന്നു സൂചനയുണ്ട്.