ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പഴ്സണൽ സ്റ്റാഫ് അംഗം അപമര്യാദയായി പെരുമാറിയെന്ന സ്വാതി മലിവാളിന്റെ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്. സംഭവത്തെ അങ്ങേയറ്റം അപലപനീയം എന്ന് വിശേഷിപ്പിച്ച സിംഗ്, മുഖ്യമന്ത്രി കെജ്രിവാൾ, ഇതിനെതിരെ കർശനമായ നടപടിയെടുക്കും എന്ന് പറഞ്ഞു.
“ഇന്നലെ രാവിലെ വളരെ വേദനാജനകമായ ഒരു സംഭവം നടന്നു. അരവിന്ദ് കെജ്രിവാൾ സ്വാതി മലിവാളിനെ ഒരു മീറ്റിംഗിനായി വിളിച്ചിരുന്നു. അവർ അദ്ദേഹത്തെ കാണാൻ ഡ്രോയിംഗ് റൂമിൽ കാത്തുനിൽക്കുകയായിരുന്നു. ആ സമയത്ത് വൈഭവ് കുമാർ കടന്നുവന്ന് അവരോട് മോശമായി പെരുമാറി. ഇതിന് ശേഷം സ്വാതി മലിവാൾ പോലീസിനെ വിളിച്ച് തനിക്ക് സംഭവിച്ചതെന്തെന്ന് പറഞ്ഞു.”
“ഇത് അപലപനീയമായ സംഭവമാണ്. അരവിന്ദ് കെജ്രിവാളിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാധ്യമായ ഏറ്റവും കർശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.” സഞ്ജയ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, “സ്വാതി മലിവാൾ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി മഹത്തായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്, മാത്രമല്ല പാർട്ടിയുടെ ഒരാളാണ് അവർ. കെജ്രിവാളിൻ്റെ ഉത്തരവനുസരിച്ച് ഞങ്ങൾ അവരുടെ കൂടെ നിൽക്കുന്നു, ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യും.”