വയനാട്: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന പരാമര്‍ശം നടത്തിയ വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കി ബിജെപി. ജില്ലാ പ്രസിഡന്റായിരുന്ന കെ പി മധുവിനെതിരെയാണ് ബിജെപി നേതൃത്വം നടപടിയെടുത്തത്. മധുവിന്റെ പരാമര്‍ശം ബിജെപിയെ വെട്ടിലാക്കിയിരുന്നു.
അതേസമയം, മധുവിന് പകരം ജില്ലാ പ്രസിഡന്റിന്റെ ചുമതല പ്രശാന്ത് മലവയലിനാണ്.
പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ കേസ് എടുത്ത പൊലീസ് നടപടിയെ വിമര്‍ശിച്ച മധു, ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നാണ് പറഞ്ഞത്. പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത പൊലീസ്, സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമര്‍ശിച്ചിരുന്നു.
മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. വിവാദമായതിനെത്തുടര്‍ന്ന് മധു പരാമര്‍ശം പിന്‍വലിച്ചെങ്കിലും പ്രതിഷേധം അടങ്ങിയിരുന്നില്ല. തുടര്‍ന്നാണ് നേതൃത്വം നടപടിയുമായി രംഗത്തുവന്നത്.