‘പാകിസ്ഥാന്‍റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ല’, യുഎന്നിൽ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി; ‘ലോക രാജ്യങ്ങൾക്ക് കൂട്ടായ ഉത്തരവാദിത്തം വേണം’

ന്യുയോർക്ക്: പാകിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിൽ ആഞ്ഞടിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ നടത്തിയ പ്രസംഗത്തിലാണ് പാകിസ്ഥാനെതിരെ അതിരൂക്ഷ വിമർശനം അഴിച്ചുവിട്ടത്. പാകിസ്ഥാന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ലെന്നും പ്രവർത്തന ക്ഷമമല്ലാത്ത രാജ്യമാണ് പാക്കിസ്ഥാനെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. ഭീകരവാദവും മൗലികവാദവുമാണ് പാകിസ്ഥാൻ പ്രധാനമായും സംഭാവന ചെയ്യുന്നതെന്നും വിദേശകാര്യമന്ത്രി വിമർശിച്ചു.

ലോകത്തിന്‍റെ സമാധാനവും അഭിവൃദ്ധിയും അകന്ന് പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്നും ജയശങ്കർ ചൂണ്ടികാട്ടി. ലോക രാജ്യങ്ങൾ സ്വന്തം താല്പര്യങ്ങൾക്ക് മാത്രമാണ് ഊന്നൽ നൽകുന്നത്. ഇത് വലിയ അപകടമാണ് ലോക സമാധാനത്തിന് സൃഷ്ടിക്കുന്നത്. ലോക രാജ്യങ്ങൾക്ക് കൂട്ടായ ഉത്തരവാദിത്വമില്ലെന്നും ചൂണ്ടികാട്ടിയ ജയശങ്കർ ഇത് എങ്ങനെ സംഭവിക്കുന്നുവെന്നകാര്യം ഐക്യരാഷ്ട്ര സഭ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ ഐക്യരാഷ്ട്രസഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യു എൻ സമ്മേളനത്തെ അഭിസംബോധന ചെയ്തത്. യു എൻ മേധാവി അന്റോണിയോ ഗുട്ടറെസിനെയും യു എൻ പൊതുസഭയുടെ പുതിയ അധ്യക്ഷൻ ഫിലിമൻ യാങ്ങിനെയും കണ്ട് ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചതായി കേന്ദ്രമന്ത്രി ‘എക്സി’ൽ കുറിച്ചിരുന്നു. യു എസിൽ 79 -ാമത് യു എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കവേ വ്യാഴാഴ്ചയാണ് ഇരുവരുമായി കേന്ദ്രമന്ത്രി സംസാരിച്ചത്.

പശ്ചിമേഷ്യയിലെയും യുക്രൈനിലെയും സംഘർഷം, കാലാവസ്ഥ, നിർമിതബുദ്ധി, മറ്റ് ആഗോളവിഷയങ്ങൾ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുമെന്ന് യാങ്ങിന് ഉറപ്പുനൽകിയതായും ജയ്ശങ്കർ കുറിച്ചിട്ടുണ്ട്. റൊമാനിയ, സ്വീഡൻ, മൊറോക്കോ, സ്ലൊവീനിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.

More Stories from this section

family-dental
witywide