രേവതിയുടെ മരണം അറിഞ്ഞതെപ്പോൾ? അനുമതി ഇല്ലാതെ റോഡ്ഷോ നടത്തിയതെന്തിന്? പൊലീസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അല്ലു അര്‍ജുന്‍

പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിയും മകനും മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ചോദിച്ച കാര്യങ്ങളോട് അല്ലു പ്രതികരിച്ചില്ല. നേരത്തേ പൊലീസ് സംഘം പുറത്തുവിട്ട സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോ ഉൾപ്പെടെ ചോദ്യ ചെയ്യലിനിടെ പ്രദർശിപ്പിച്ചുവെങ്കിലും നടൻ പ്രതികരിച്ചില്ല.

അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പൊലീസ് അല്ലു അര്‍ജുനോട് ചോദിച്ചു. സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദ്ദിച്ചതിൽ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നായിരുന്നു പൊലീസിന്‍റെ മറ്റൊരു ചോദ്യം. എപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടുള്ള രേവതിയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും പൊലീസ് അല്ലുവിനോട് ചോദിച്ചു. പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയതെന്നും പൊലീസ് അല്ലുവിനോട് ആരാഞ്ഞു. എന്നാല്‍ ഇതിനൊന്നും മറുപടി പറയാതെയാണ് അല്ലു അർജുൻ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇരുന്നത്.

ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്. ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി അല്ലു അര്‍ജുന്‍ ഇന്ന് രാവിലെ ഹാജരായത്. ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ രേവതിയുടെ മരണമടക്കമുള്ള ദുരന്തം സംഭവിച്ചത്.

More Stories from this section

family-dental
witywide