‘വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാൻ പ്രയോജനമാകും’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് സുരേഷ് ഗോപി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ട് എന്തായാലും പുറത്തുവരണം. സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ വരുന്ന പുതുതലമുറയ്ക്കും ഇത്തരം കമ്മറ്റിയുടെ ശുപാർശകൾ നല്ലതാണ്. ഇനി വരുന്ന തലമുറയ്ക്ക് നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം. നടൻ മാത്രമായിരുന്നെങ്കിൽ എപ്പോൾ വേണമെങ്കിലും പ്രതികരിക്കാമായിരുന്നു എന്നും ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാകു എന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടനും എം എൽ എ യുമായ എം മുകേഷും രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.

അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടാത്തത്. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.

More Stories from this section

family-dental
witywide