കൊച്ചി: താരസംഘടന അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നടന്‍ ജഗദീഷ് ഒഴിവായി. താത്ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി അറിയിക്കാനാണ് ജഗദീഷ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചതെന്നാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പഴയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേത് ആയതിനാലാണ് താന്‍ ഗ്രൂപ്പില്‍ നിന്നിറങ്ങിയതെന്നും ജഗദീഷ് പറഞ്ഞതായി ട്വന്റിഫോർ റിപ്പോർട്ട് ചെയ്യുന്നു. അഡ്‌ഹോക് കമ്മിറ്റിയുടെ പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് അറിയിച്ചു.
അമ്മ സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ജഗദീഷ് നിഷേധിച്ചു. ഭരണസമിതി കൂട്ടരാജി സമർപ്പിച്ചപ്പോൾ ഇനി ആ ഗ്രൂപ്പിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതുകൊണ്ടാണ് അമ്മ ഭരണസമിതി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ജഗദീഷ് വ്യക്തമാക്കി. ഇന്നലെയോ ഇന്നോ നടന്ന സംഭവമല്ല. പ്രവർത്തകൻ എന്ന നിലയിൽ അമ്മയിൽ സജീവമായി ഉണ്ടാകും. അമ്മയുടെ പ്രസിഡന്‍റ് ആകാനോ സെക്രട്ടറി ആകാനോ ഇനി താനില്ല. അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല താൻ ഉറങ്ങുന്നതെന്നും താരം പറഞ്ഞു.
അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട ശേഷം അഡ്‌ഹോക് കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കാത്തതില്‍ ഉള്‍പ്പെടെയുള്ള അതൃപ്തി പരസ്യമാക്കിയാണ് ജഗദീഷ് ലെഫ്റ്റായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അമ്മയിലെ തിരുത്തല്‍ശക്തിയായി ഉറച്ച നിലപാടുകളുമായി രംഗത്തെത്തിയ ജഗദീഷ് സംഘടനയുടെ തലപ്പത്തേക്ക് വരണമെന്ന് നിരവധി പേര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായ സംഭവം സജീവ ചര്‍ച്ചയായിരിക്കുന്നത്.