എല്ലാം വഴിയെ മനസ്സിലാകുമെന്ന് ജയസൂര്യ; പീഡന പരാതിക്കുശേഷം അമേരിക്കയിൽ നിന്ന് നാട്ടില്‍ എത്തി

കൊച്ചി: അമേരിക്കയിൽ നിന്ന് തിരിച്ചെത്തി നടൻ ജയസൂര്യ. ലൈംഗിക പീഡനാരോപണം പുറത്തുവന്നതിനു ശേഷം ആദ്യമായാണ് ജയസൂര്യ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയിൽ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നടനും കുടുംബവും എത്തിയത്. തനിക്കെതിരായ രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് വിഷയത്തിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളെ വെെകാതെ തന്നെ കാണുമെന്ന് അറിയിച്ച നടൻ എല്ലാം വഴിയെ മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു.

“കേസ് രണ്ടും കോടതിയിൽ ഇരിക്കുന്നതിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല. അഭിഭാഷകൻ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം. നമ്മൾ എന്തായാലും കാണും,” ജയസൂര്യ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജയസൂര്യക്കെതിരെ ഉയർന്നുവന്ന ലൈംഗികാതിക്രമണ കേസിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്. ആരോപണം വരുന്ന സമയത്ത് ജയസൂര്യ കുടുംബത്തിനൊപ്പം അമേരിക്കയിലായിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു.