കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും ഇടത് എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി മുകേഷ് രാവിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മരടിലെ ഫ്ളാറ്റിലേക്ക് തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് നടിയുടെ പരാതി.
മുകേഷിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം സ്വീകരിക്കുന്ന നിലപാട് പ്രധാനമായിരിക്കും. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുളള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എംഎൽഎ ആയതിനാൽ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ൽ നടന്ന സംഭവമായതിനാൽ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.