സിനിമയിൽ ഓരോ ദിവസവും അവകാശങ്ങൾക്കായി പോരാടേണ്ട അവസ്ഥയായിരുന്നു എന്നും ഇതൊന്നും സഹിക്കാൻ വയ്യാതെയാണ് കരിയറിന്റെ ഏറ്റവും തിളക്കമാർന്ന കാലത്ത് സിനിമ ഉപേക്ഷിച്ച് പോയതെന്നും നടി രഞ്ജിനി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. റിപ്പോർട്ടർ ടിവിയോടായിരുന്നു രഞ്ജിനിയുടെ പ്രതികരണം.
“ഞാൻ കരിയറിന്റെ പീക്ക് ടൈമിൽ ഇതൊന്നും സഹിക്കാൻ വയ്യാതെ സിനിമയിൽ നിന്ന് പോയതാണ്. ഇല്ലെങ്കിൽ ഞാൻ സിനിമയിൽ സജീവമായി നിൽക്കുമായിരുന്നു. ഓരോ ദിവസവും അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയായിരുന്നു എനിക്ക്. നാളെ സിനിമ വ്യവസായത്തിലെ എന്റെ സഹോദരിമാർക്ക് ഇത്തരം അനുഭവങ്ങളുണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ ഹിയറിങ്ങിന് പോയത്. എന്റെ സമകാലികരായ ഏതെങ്കിലും ഒരു അഭിനേത്രി മൊഴികൊടുക്കുമോ?,” രഞ്ജിനി ചോദിച്ചു.
കമ്മിറ്റിയുടെ ഹിയറിങ്ങിൽ ആദ്യം പങ്കെടുത്ത വ്യക്തി താനാണെന്നും നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് ശബ്ദം ഉയർത്തിയ വ്യക്തിയാണ് താനെന്നും രഞ്ജിനി പറഞ്ഞു. ആ സാഹചര്യത്തിൽ താൻ എങ്ങനെയാണ് വില്ലത്തിയാകുന്നത് എന്ന് രഞ്ജിനി ചോദിച്ചു.