അറസ്റ്റിന് പൊലീസ്, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് എസ്‌ഐടി; ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് ‘മുങ്ങി’; സുപ്രീംകോടതിയെ സമീപിച്ചേക്കും

കൊച്ചി: ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും.

അതേസമയം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിദ്ദിഖ്. നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുന്നുവെന്നാണ് പുതിയ വിവരം. വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കമെന്നും വിവരമുണ്ട്.

നിലവിൽ സിദ്ദിഖ് ഒളിവിലാണെന്നാണ് സൂചന. സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തന രഹിതമാണ്. പടമുകളിലെ വീട്ടിലും ആരും ഇല്ല, വാഹനവും ഇല്ല. കഴിഞ്ഞ ദിവസം വരെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

2017ല്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.

പ്രോസിക്യൂഷന് വേണ്ടി ഹാജരായത് പി നാരായണനാണ്. നേരത്തെ പത്തോളം തെളിവുകള്‍ സീല്‍ വെച്ച കവറുകളില്‍ പല ഘട്ടങ്ങളിലായി നാരായണന്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. പരാതി നല്‍കാന്‍ വൈകുന്നത് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വെളിപ്പെടുത്തല്‍ പുറത്തുവന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ മൊഴിയെ അവിശ്വസിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.

More Stories from this section

family-dental
witywide