
കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിൽ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്.
വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ആരോപണൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്നും പരാതിയിൽ സിദ്ദിഖ് ആരോപിച്ചു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.
നിള തീയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’യെന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചാണ് സിദ്ദീഖ് തന്നെ ആക്രമിച്ചതെന്ന് രേവതി പറഞ്ഞിരുന്നു. അങ്ങനൊരു സിനിമ ഇല്ലെന്ന് പിന്നീട് മനസിലായെന്നും അവിടെ വെച്ചാണ് സിദ്ദീഖ് തന്നെ ലൈംഗികമായി ഉപദ്രവിച്ചത് എന്നും രേവതി പറഞ്ഞു.
2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സിദ്ദീഖിനെ ക്രിമിനൽ എന്നാണ് രേവതി വിശേഷിപ്പിച്ചത്.