മുൻ‌കൂർ ജാമ്യാപേക്ഷയുമായി സിദ്ദിഖ്; പരാതി, എഫ്ഐആർ പകർപ്പുകൾക്കുള്ള അപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം: തനിക്കെതിരെയുള്ള ലൈംഗികാതിക്ര ആരോപണ പരാതിയിൽ എഫ്‌ഐആറിന്റെ പകര്‍പ്പ് തേടി നടൻ സിദ്ദിഖ്. പകർപ്പ് തേടിയുള്ള അപേക്ഷ സിദ്ദിഖ് അഭിഭാഷകൻ വഴി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചു. മുന്‍കൂര്‍ ജാമ്യം തേടുന്നതിനായാണ് രേഖകളുടെ പകര്‍പ്പിനുള്ള അപേക്ഷ സമർപ്പിച്ചതെന്നാണ് വിവരം. അതേ സമയം യുവ നടി, സിദ്ദിഖിനെതിരെ നൽകിയ പരാതിയിൽ അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവുകളും ലഭിച്ചു.

തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു വരികയാണ്. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദിഖ് മസ്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു എന്നതിനു പൊലീസിനു തെളിവു ലഭിച്ചു. 2016 ജനുവരി 28നാണു സിദ്ദിഖ് മുറിയെടുത്തതെന്നു ഹോട്ടൽ രേഖകളിലുണ്ട്. സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി പരാതിക്കാരി പൊലീസിനോടു പറഞ്ഞതും ഇതേ കാലയളവായിരുന്നു. ജനുവരിയിലോ ഫെബ്രുവരിയിലോ പീഡനം നടന്നെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്. സിദ്ദിഖ് മുറിയെടുത്തതിന്റെ രേഖ, നടി ഹോട്ടലിലെ സന്ദർശക റജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ, സിനിമയുടെ പ്രിവ്യൂ നടന്നതിന്റെ രേഖകൾ തുടങ്ങിയവയാണു പൊലീസ് ശേഖരിച്ചത്.

സംഭവം നടന്നെന്നു പറയുന്ന കാലത്ത് ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരുടെയും പരാതിക്കാരിയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. ഡ്രൈവർമാർ, പ്രിവ്യൂവിൽ പങ്കെടുത്തവർ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. 2016 ജനുവരി 28നാണു സിനിമയുടെ പ്രിവ്യൂ നിള തിയറ്ററിൽ നടന്നത്. അതേ ദിവസമാണ് നടൻ സിദ്ദിഖ് മാസ്കറ്റ് ഹോട്ടലിൽ താമസിച്ചതും. പ്രിവ്യൂ നടന്ന ദിവസം യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതി.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മസ്കറ്റ് ഹോട്ടലിൽ താമസിച്ച ആളുകളുടെ വിവരങ്ങൾ രേഖാമൂലം കൈമാറാൻ പൊലീസ് ഹോട്ടൽ അധികൃതരോടു നിർദേശിച്ചു. സന്ദർശക റജിസ്റ്ററിൽ ഒപ്പിട്ടശേഷം ഒന്നാം നിലയിലെ സിദ്ദിഖിന്റെ മുറിയിലേക്കു പോയെന്നാണു യുവതിയുടെ മൊഴി. റജിസ്റ്ററിന്റെ പകർപ്പ് കെടിഡിസി ആസ്ഥാനത്താണെന്നാണു ഹോട്ടൽ അധികൃതർ പറഞ്ഞത്. റജിസ്റ്റർ പൊലീസ് പരിശോധിക്കും. ഹോട്ടലിൽ വച്ച് നടിയെ കണ്ടിട്ടില്ലെന്നായിരുന്നു സിദ്ദിഖിന്റെ വാദം. ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.

More Stories from this section

family-dental
witywide