ബലാത്സംഗ കേസ്: നടൻ സിദ്ദിഖിനെ 3 മണിക്കൂർ ചോദ്യം ചെയ്തു, ശനിയാഴ്ച വീണ്ടും ഹാജരാകണം

തിരുവനന്തപുരം: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിനെ പൊലീസ് ചോദ്യംചെയ്തു. ഇന്ന് മൂന്ന് മണിക്കൂര്‍ നേരമാണ് അന്വേഷണസഘം സിദ്ദിഖിനെ ചോദ്യം ചെയ്തത്. ശേഷം വിട്ടയച്ച സിദ്ദിഖിനോട് ശനിയാഴ്ച വീണ്ടും ഹാജരാകന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സുപ്രീം കോടതി സിദ്ദിഖിന്‍റെ അറസ്റ്റ് രണ്ടാഴ്ചയത്തേക്ക് തടഞ്ഞിട്ടുണ്ട്.

കേസില്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ചില രേഖകള്‍ ഹാജരാക്കാന്‍ സിദ്ദിഖിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ രേഖകള്‍ സിദ്ദിഖ് കൊണ്ടുവന്നിരുന്നില്ല. അതേസമയം, ഹോട്ടല്‍ മുറിയില്‍ വച്ച് നടിയെ കണ്ടിട്ടില്ലെന്നും നിള തീയറ്ററില്‍ വച്ച് മാത്രമാണ് കണ്ടെതെന്ന് സിദ്ദിഖ് അറിയിച്ചെങ്കിലും രേഖകളുമായി എത്തിയ ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ് അന്വേഷണ സംഘം മടക്കി അയക്കുകയായിരുന്നു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തുടര്‍ന്ന് സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യ അനുവദിച്ചില്ല. ഇതിനെ ഇതിനു പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി അറസ്റ്റ് തടഞ്ഞതോടെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്. ഈ മാസം 22 നാകും സുപ്രീം കോടതി സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിശദവാദം കേള്‍ക്കുക.

More Stories from this section

family-dental
witywide