ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തടസ ഹർജി നൽകാനൊരുങ്ങി പരാതിക്കാരി. തന്റെ ഭാഗം കൂടി കേൾക്കാതെ ഇടക്കാല ജാമ്യപേക്ഷയിൽ തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ യുവതിയ്ക്കു വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്.
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്. ഉത്തരവിനെ തുടർന്ന് സിദ്ദിഖ് ഒളിവിൽ പോയത് ഈ സാധ്യത മുൻനിർത്തിയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ മകൻ ഷെഹിൻ അടക്കമുള്ളവർ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംനകോടതിയിലെ മുതിർന്ന അഭിഭാഷകരുമായും ചർച്ച നടത്തുന്നുണ്ട്. എത്രയും വേഗം ഹർജി നൽകാനാണ് നീക്കം.
എന്നാൽ പരാതി നൽകാനുണ്ടായ കാലതാമസമടക്കമുള്ള കാര്യങ്ങളിൽ തന്റെ ഭാഗം കൂടി കോടതി കേൾക്കണമെന്ന ആവശ്യമുൾപ്പെടെ ഉന്നയിച്ച് പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
ഇന്നലെ ഹൈക്കോടതി സിദ്ദിഖിന്‍റെ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) യോഗം ചേർന്ന് നടനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തി. ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി സിറ്റി പൊലീസിന് നിർദേശം നൽകി. സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള നടന്‍റെ നീക്കം മുന്നിൽക്കണ്ടാണ് ഉടൻ അറസ്റ്റിന് ഉത്തരവിട്ടത്. കണ്ടെത്തിയാലുടൻ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്തു നിന്ന് അന്വേഷണസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
ഹൈക്കോടതി വിധിക്കു പിന്നാലെയാണ് സിദ്ദിഖ് ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയത്. രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിമാനമാർഗം രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചാൽ തടഞ്ഞുവെക്കാനാണ് നിർദേശം.