‘പൗരത്വ ഭേദഗതി നിയമം തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കരുത്, ഇത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം’; പ്രതികരിച്ച് വിജയ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമം തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കരുതെന്ന് നടനും തമിഴ് വെട്രി കഴകം (ടിവികെ) പാര്‍ട്ടി അധ്യക്ഷനുമായ വിജയ്‌. കേന്ദ്രസര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ല. മതസൗഹാര്‍ദം നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണിതെന്നും വിജയ് പറഞ്ഞു. എക്സിലെ പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വിജയ്‌ നിലപാട് വ്യക്തമാക്കിയത്.

“നിയമം സാമൂഹിക ഐക്യം തകര്‍ക്കും. ജനങ്ങള്‍ ഐക്യത്തോടെ കഴിയുന്ന രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പോലുള്ളവ നടപ്പാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണം,” വിജയ്‌ അറിയിച്ചു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം.കെ സ്റ്റാലിനും രംഗത്തുവന്നിരുന്നു. ഈ നിയം കേന്ദ്രത്തിന്‍റെ വിഭജന അജണ്ടയെ ആയുധവത്ക്കരിച്ചതായി സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു.

രാജ്യത്തിന്‍റെ പല ഭാഗത്തും നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം നടക്കാന്‍ സാധ്യതയുള്ള ഷഹീൻബാ​ഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര സേനയും പോലീസും ഇന്ന് ഫ്ലാ​ഗ് മാർച്ച് നടത്താനാണ് തീരുമാനം. ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അസമില്‍ യുണൈറ്റഡ് അസം ഫോറം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide