അംബേദ്കറുടെ പേരിനോട് ‘അലര്‍ജി’: അമിത് ഷായെ വിമര്‍ശിച്ച് നടന്‍ വിജയ്, ‘അംബേദ്കര്‍… അംബേദ്കര്‍… അംബേദ്കര്‍… നമുക്ക് സന്തോഷത്തോടെ അദ്ദേഹത്തിന്റെ നാമം ജപിച്ചുകൊണ്ടേയിരിക്കാം’

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ അംബേദ്കര്‍ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് തമിഴ് സൂപ്പര്‍ താരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്.

എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ‘അനുപമമായ രാഷ്ട്രീയവും ബൗദ്ധികവുമായ വ്യക്തിത്വ’വുമാണ് അംബേദ്കറെന്ന് വിജയ്. ചില വ്യക്തികള്‍ക്ക് അംബേദ്കറിന്റെ പേരിനോട് ‘അലര്‍ജിയുണ്ടാകാം’. അംബേദ്കറുടെ പൈതൃകം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്നും വിജയ് അമിത് ഷായുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ബുധനാഴ്ച കുറിച്ച ഒരു പോസ്റ്റിലാണ് വിജയ് തന്റെ രോഷം പ്രകടിപ്പിച്ചത്.

‘അംബേദ്കര്‍… അംബേദ്കര്‍… അംബേദ്കര്‍… നമുക്ക് ഹൃദയത്തിലും ചുണ്ടുകളിലും സന്തോഷത്തോടെ അദ്ദേഹത്തിന്റെ നാമം ജപിച്ചുകൊണ്ടേയിരിക്കാം,’ വിജയ് പറഞ്ഞു. വടക്കന്‍ തമിഴ്നാട്ടിലെ വിക്രവണ്ടിയില്‍ നടന്ന പാര്‍ട്ടിയുടെ ആദ്യ റാലിയില്‍ ടി.വി.കെയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളില്‍ ഒരാളായി അംബേദ്കറെ വിജയ് പരാമര്‍ശിച്ചിരുന്നു.

ഡിസംബര്‍ 17ന് രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പരാമര്‍ശത്തെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാര്‍ട്ടികളും അപലപിച്ചു. അംബേദ്കറുടെ പേര് ആവര്‍ത്തിച്ച് വിളിക്കുന്ന ഒരു ഫാഷന്‍ ഇപ്പോഴുണ്ടെന്നും പ്രതിപക്ഷം ‘അംബേദ്കര്‍… അംബേദ്കര്‍… അംബേദ്കര്‍… എന്നു പറയുന്നതിനു പകരം ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ അവര്‍ സ്വര്‍ഗത്തില്‍ എത്തുമായിരുന്നുവെന്നുമാണ് അമിത് ഷാ പറഞ്ഞത്.

More Stories from this section

family-dental
witywide