കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജൂലൈ ഒന്നിന് പരിഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. എന്നാൽ, 2022 മുതൽ പരാതിക്കാരി തന്റെയൊപ്പം അപ്പാർട്മെന്‍റിൽ താമസിച്ചിരുന്നെങ്കിലും 2023 ഡിസംബർ മുതൽ ഒരു ബന്ധവുമില്ലെന്നാണ് ഒമർ ലുലുവിന്റെ വാദം. ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്ന് തെളിയിക്കുന്ന മൊബൈൽ ചാറ്റുകളും ഹാജരാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹരജിക്കാരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയുംചെയ്തു. ഇതിന് പിന്നാലെയാണ് കക്ഷിചേരാൻ നടി ഹർജി നൽകിയത്. ഹർജികൾ ജൂലൈ ഒന്നിന് പരിഗണിക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റി.
നടിയുമായി മുമ്പ് അടുപ്പമുണ്ടായിരുന്നെന്നും ഈ ബന്ധം ഉപേക്ഷിച്ചതിന്റെ പേരിൽ പക പോക്കുകയാണെന്നുമാണ് ഒമർ ലുലുവിന്റെ വാദം.