
ന്യൂഡൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
വിചാരണ കോടതികളുടെ നടപടികളെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘‘പൾസർ സുനി ജയിലിലായിട്ട് ഏഴര വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളായിട്ടും വിചാരണ നീണ്ടുപോവുകയാണ്. ഇങ്ങനെയായാൽ കേസ് എപ്പോഴാണു തീരുക? കേസിലെ മറ്റൊരു പ്രതിയായ ദിലീപിനു ക്രോസ് വിസ്താരത്തിനു കൂടുതൽ സമയം അനുവദിക്കുന്നു’’ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതിയുടെ ഉത്തരവ്.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ വിസ്താരം നടത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും നീണ്ട വിസ്താരം നടന്നത് എന്നും ഇതെങ്ങനെ വിചാരണ കോടതി അനുവദിച്ചു എന്നും സുപ്രീം കോടതി വാദം കേൾക്കലിനിടെ ചോദിച്ചു. ഇത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2017 ഫെബ്രുവരിയിലാണു കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.