‘മോശം അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തളർത്തിയതിനാൽ ഒരു ഷോട്ടെടുക്കാൻ 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നെന്നും തുടർന്ന് സംവിധായകന്റെ കടുത്ത വിമർശനം നേരിടേണ്ടി വന്നുവെന്നും നടി പറയുന്നു.

കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമ്മിറ്റിക്ക് മൊഴി നൽകി. സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും, വഴങ്ങിയാൽ മാത്രമേ അവസരം നൽകുകയുള്ളുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലൈംഗികചൂഷണത്തിന് പുറമെ മാന്യമായ പ്രതിഫലം പോലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്നില്ല. പലപ്പോഴും പറഞ്ഞ തുക ലഭിക്കാറില്ലെന്ന് മാത്രമല്ല, ഇടനിലക്കാർ തുക കൈക്കലാക്കുകയും ചെയ്യും. ആവശ്യത്തിൽ കൂടുതൽ ജൂനിയർ ആർട്ടിസ്റ്റുകളെ വിളിച്ചുവരുത്തി പലപ്പോഴും അവർക്ക് അവസരം നൽകാതെ മാറ്റിനിർത്തുമെന്നും പറയുന്നു. എന്നാൽ അവർക്ക് തിരികെ പോകാനും അനുവാദമുണ്ടാകില്ലെന്ന് റിപ്പോർട്ട് പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പരാതി പറയാൻ യാതൊരു സംവിധാനവും ഇല്ലെന്ന് മാത്രമല്ല, അങ്ങനെ പറഞ്ഞാൽ അവസരങ്ങൾ ലഭിക്കില്ലെന്ന് പേടിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ടെന്ന വിവരമാണ് റിപ്പോർട്ടിൽ പ്രധാനം. സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നത്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങൾ ലഭിക്കില്ല. ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നു. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടാകുന്നു.

More Stories from this section

family-dental
witywide