തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം : നടി കസ്തൂരി അറസ്റ്റില്‍, പിടിയിലായത് ഹൈദരാബാദില്‍ നിന്ന്

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന നടി കസ്തൂരി പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കച്ചിബൗളിയില്‍ നിര്‍മ്മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

തമിഴ്‌നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തിയിരുന്നു.

പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.