ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി സുപര്‍ണ ആനന്ദ്. സിനിമയില്‍ സ്ത്രീകൾ വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ പറഞ്ഞു. തനിക്കും കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്, അതിനാലാണ് സിനിമ ഉപേക്ഷിച്ചതെന്നും സുപർണ പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ലെന്നും വൈശാലി, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന സുപർണ വ്യക്തമാക്കി.
”മലയാള സിനിമാ രംഗത്ത് നിന്നുൾപ്പെടെ കയ്‌പ്പേറിയ അനുഭവങ്ങൾ ഞാൻ നേരിട്ടുണ്ട്. പല സമ്മർദ്ദങ്ങളും നേരിട്ടു. എന്നാൽ അത്തരം ദുരനുഭവങ്ങൾ വർദ്ധിച്ചതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. അവസരങ്ങൾക്കായി കാസ്റ്റിംഗ് കൗച്ച് അടക്കമുളള പ്രവണതകൾ ധാരാളമാണ്. ഭയം കൊണ്ട് ഇരകൾ ഒന്നും തുറന്നു പറയാത്തത്,” സുപർണ ആനന്ദ് പറഞ്ഞു.
കേരള സര്‍ക്കാര്‍ വനിതകള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് സുപർണ ആരോപിച്ചു. പീഡനക്കേസില്‍ പ്രതിയായ മുകേഷ് രാജി വെക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടണം. പുരുഷന്റെ മനോഭാവം മാറേണ്ടതുണ്ട്. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ ഇടപെടണം. ഇത്രയും സ്വാധീനമുള്ള നടന്മാര്‍ നിശബ്ദരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്നും സുപര്‍ണ ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അതിക്രമങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയ സ്ത്രീകളുടെ ധൈര്യത്തെ അവർ അഭിനന്ദിച്ചു. എല്ലാവരെയും ഉൾപ്പെടുത്തിയുള്ള അമ്മയുടെ പുതിയ ഭരണസമിതി വരണമെന്നും സുപർണ പറഞ്ഞു.