
ന്യൂഡല്‍ഹി: അമേരിക്കയുടെ കൈക്കൂലി ആരോപണത്തില്‍ പ്രതികരിച്ച് അദാനി ഗ്രൂപ്പ്. ലാഭകരമായ സര്‍ക്കാര്‍ കരാറുകള്‍ ഉറപ്പാക്കാന്‍ ചെയര്‍മാന്‍ ഗൗതം അദാനി 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്ന യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം അദാനി ഗ്രൂപ്പ് തള്ളി.
അദാനി ഗ്രീനിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിഷേധിക്കുന്നുവെന്നുമാണ് അദാനി കമ്പനി പ്രസ്താവനയില്‍ പറഞ്ഞത്.
സോളാര്‍ എനര്‍ജി കരാറുകള്‍ക്കായി ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ആരോപിച്ചിരുന്നു. ഇത് വാര്‍ത്താ പ്രാധാന്യം നേടുകയും രാഹുല്‍ ഗാന്ധിയടക്കം അദാനിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
യു.എസ് കുറ്റപത്രത്തിലുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിരപരാധികളാണെന്നും ഗ്രൂപ്പ് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് എല്ലാ നിയമങ്ങളും അനുസരിക്കുന്ന ഒരു സ്ഥാപനമാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും ഗ്രൂപ്പ് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.