ദില്ലി: ഇതുവരെ വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശ്ശിക നവംബർ ഏഴിനകം തിരിച്ചടച്ചില്ലെങ്കിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായും അവസാനിപ്പിക്കുമെന്ന് അദാനി പവറിന്റെ മുന്നറിയിപ്പ്. 850 ദശലക്ഷം ഡോളർ (7200 കോടി രൂപ) അടയ്ക്കാത്തതിൻ്റെ പേരിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അന്ത്യശാസനവുമായി അദാനി കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.നേരത്തെ ബംഗ്ലാദേശ് പവർ ഡെവലപ്മെൻ്റ് ബോർഡിന് കുടിശിക തീർക്കാനും 170 മില്യൺ ഡോളറിന്റെ ലെറ്റർ ഓഫ് ക്രഡിറ്റ് നൽകാനും അദാനി ഗ്രൂപ്പ് ഒക്ടോബർ 31 വരെ സമയം അനുവദിച്ചിരുന്നു. ഇതിനായി കൃഷി ബാങ്ക് മുഖേന ബംഗ്ലാദേശ് പവർ ഡെവലപ്മെൻ്റ് ബോർഡ് നീക്കം നടത്തിയെങ്കിലും വൈദ്യുതി വിതരണ കരാറിൻ്റെ നിബന്ധനകളോട് അനുസൃതമല്ലാത്തിനാൽ സാധ്യമായില്ലെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ജാർഖണ്ഡിലെ ഗോഡ്ഡയിലുള്ള അദാനി പവർ പ്ലാൻ്റിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പകുതിയാക്കി കുറച്ചത്.
പവർ ഗ്രിഡ് ബംഗ്ലാദേശിൻ്റെ (പിജിബി) വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം, നവംബർ ഒന്നിന് 724 മെഗാവാട്ട് വൈദ്യുതിയാണ് ഗോഡ്ഡ പ്ലാൻ്റിൽനിന്ന് വിതരണം ചെയ്തത്. നേരത്തെ 1496 മെഗാവാട്ട് വൈദ്യുതിയായിരുന്നു വിതരണം ചെയ്തിരുന്നത്. കുടിശിക ഏകദേശം 850 മില്യൺ ഡോളർ എത്തിയതിനെ തുടർന്ന് ബില്ലുകൾ തീർപ്പാക്കാൻ അദാനി ഗ്രൂപ്പ് സെപ്റ്റംബറിൽ ബംഗ്ലാദേശിനോട് നിർദേശിച്ചിരുന്നു.
അതേസമയം മറ്റ് പ്ലാൻ്റുകൾ പ്രവർത്തിപ്പിച്ച് വൈദ്യുതി നഷ്ടം നികത്താൻ ശ്രമം തുടങ്ങിയതായി ബംഗ്ലാദേശ് പവർ ഡെവലപ്മെൻ്റ് ബോർഡ് ചെയർമാൻ റസൂൽ കരീം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. വിഷയം സംബന്ധിച്ച് അദാനി ഗ്രൂപ്പുമായി ചർച്ച നടക്കുകയാണ്. ഒരു മാസത്തിനുള്ളിൽ മൊത്തം തുകയും അടയ്ക്കാൻ കഴിയില്ലെന്ന് അവരെ അറിയിച്ചു. ഒക്ടോബറിൽ 97 മില്യൺ ഡോളർ ബംഗ്ലാദേശ് അദാനി ഗ്രൂപ്പിന് നൽകിയിരുന്നതായും കഴിഞ്ഞ മൂന്നു മാസത്തേക്കാൾ ഉയർന്ന തുകയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. 17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ അടുത്തിടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ നേരിടുന്ന ഡോളർ ക്ഷാമമാണ് വൈദ്യുതി വിതരണം താറുമാറാക്കുന്നതെന്നാണ് റിപ്പോർട്ട്.