ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളും അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ യുഎസ് ഫെഡറല്‍ കോടതി കൈക്കൂലിക്കും വഞ്ചനയ്ക്കും കുറ്റം ചുമത്തിയിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം രംഗത്തെത്തുകയും ഉടനെ അദാനിയെ അറസ്റ്റുചെയ്യണമെന്നും മോദിയാണ് അദാനിയെ സംരക്ഷിക്കുന്നത് എന്നടക്കം ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് തള്ളിക്കളയുകയും ചെയ്തു. അദാനിക്കെതിരെ യുഎസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ക്കൂടിയുണ്ട്.
എന്താണ് കുറ്റാരോപണം?
യുഎസിലെ ഒരു ഗ്രാന്‍ഡ് ജൂറി നടത്തുന്ന ഔപചാരികമായ നിയമപരമായ ആരോപണമാണ് കുറ്റപത്രം. കുറ്റാരോപിതന്‍ കുറ്റക്കാരനാണെന്ന് ഇതിനര്‍ത്ഥമില്ല, എന്നാല്‍ കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകള്‍ ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ കേസില്‍, യുഎസ് ഫെഡറല്‍ നിയമപ്രകാരം ഗൗതം അദാനിക്കെതിരെ പ്രത്യേക കുറ്റങ്ങള്‍ ചുമത്താന്‍ സാധ്യതയുള്ള കാരണം കണ്ടെത്തി പ്രോസിക്യൂട്ടര്‍മാര്‍ ഒരു ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ തെളിവുകള്‍ ഹാജരാക്കി എന്നതാണ് ശ്രദ്ധേയം.
കുറ്റപത്രത്തിലെ പ്രധാന ഘടകങ്ങള്‍
അദാനി ചെയ്ത കുറ്റങ്ങളുടെ കൃത്യമായ രൂപരേഖ ഇത് നല്‍കുന്നു. ആരോപണങ്ങളെ ന്യായീകരിക്കുന്നതിനുള്ള തെളിവുകളുടെ സംഗ്രഹവും യുഎസ് നിയമങ്ങളുടെ ലംഘനത്തെ കുറിച്ചും പ്രതിപാദിക്കുന്നു. ഒരു കുറ്റപത്രം എന്നാല്‍, കുറ്റം പ്രഖ്യാപിക്കലല്ല ഒരു നിയമയുദ്ധത്തിന്റെ തുടക്കം മാത്രമാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ പ്രോസിക്യൂട്ടര്‍ (സാധാരണയായി ഒരു യുഎസ് അറ്റോര്‍ണി) കോടതിയോട് ആവശ്യപ്പെടും. യുഎസ് നിയമപ്രകാരം, പ്രതികള്‍ സ്വമേധയാ കോടതിയില്‍ ഹാജരാകുമെന്ന ശക്തമായ പ്രതീക്ഷയില്ലെങ്കില്‍ കോടതികള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും. പ്രതിയെ സഹകരിക്കുന്നയാളായി കാണുകയാണെങ്കില്‍, പകരം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചേക്കാം. അതേസമയം അദാനിയുടേത് ഒരു സാധാരണ കേസല്ല. ഉത്തരം വലിയ കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് തടയാന്‍ മുദ്രവച്ച വാറണ്ടുകളും പുറപ്പെടുവിക്കുന്ന രീതിയുണ്ട്.
അറസ്റ്റ് വാറണ്ട്
ഇനിയുള്ളത് അറസ്റ്റ് വാറണ്ട് നടപ്പിലാക്കലാണ്. പ്രതി എവിടെയാണ് എന്നത് ആശ്രയിച്ചാണ് അറസ്റ്റ് നടപടി. യുഎസില്‍ത്തന്നെയാണെങ്കില്‍ എഫ്ബിഐ അല്ലെങ്കില്‍ യുഎസ് മാര്‍ഷല്‍സ് പോലുള്ള ഏജന്‍സികള്‍ വാറണ്ട് ഉടനടി നടപ്പിലാക്കുന്നു. എന്നാല്‍ പ്രതിയാക്കപ്പെട്ട ആള്‍ യുഎസിന് പുറത്താണെങ്കിലോ? കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു എന്നതാണ് ശ്രദ്ധേയം. യുഎസ് അധികാരികള്‍ക്ക് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് തേടാം, ലോകമെമ്പാടുമുള്ള നിയമപാലകര്‍ക്ക് മുന്നറിയിപ്പ് നല്‍കാം അല്ലെങ്കില്‍ കൈമാറല്‍ നടപടികള്‍ ആരംഭിക്കുന്നതിന് നയതന്ത്ര ചാനലുകള്‍ ഉപയോഗിക്കാം. അദാനി ഇന്ത്യയില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ യുഎസ്-ഇന്ത്യ കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണവും ഇതിന് ആവശ്യമാണ്.
വിദേശ പൗരന്മാര്‍ ഉള്‍പ്പെട്ട കുറ്റാരോപണങ്ങള്‍
അദാനിയെപ്പോലുള്ള വിദേശ പൗരന്മാര്‍ ഉള്‍പ്പെട്ട കുറ്റാരോപണങ്ങള്‍ വരുമ്പോള്‍ കുറ്റാരോപിതനെക്കുറിച്ച് സൂചന നല്‍കാതിരിക്കാന്‍ തുടക്കത്തില്‍ സീല്‍ ചെയ്യാറുണ്ട്. അദാനിയെക്കുറിച്ച് ഇന്നലെ പരസ്യമായ വെളിപ്പെടുത്തല്‍ വരുന്നതിനു മുമ്പേ കുറ്റപത്രത്തെക്കുറിച്ച് അദാനിയുടെ നിയമസംഘത്തിന് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് അര്‍ത്ഥമാക്കുന്നത് ഒന്നുകില്‍ സീല്‍ ചെയ്ത കുറ്റപത്രം അല്ലെങ്കില്‍ ഒരു സമന്‍സ് പുറപ്പെടുവിച്ചു എന്നതാണ്. അദാനിയെ വിചാരണയ്ക്ക് കൊണ്ടുവരാന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം അല്‍പം ബുദ്ധിമുട്ടാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള കൈമാറല്‍ പ്രധാനമാണ്. യുഎസ് മണ്ണില്‍ അല്ലെങ്കില്‍ യുഎസ് പൗരന്മാര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മാത്രമേ യുഎസിന് അധികാരപരിധിയുള്ളൂ എന്നതിനാല്‍ കൈമാറല്‍ നടക്കണമെങ്കില്‍, യുഎസിലും ഇന്ത്യയിലും ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നിയമവിരുദ്ധമായി കണക്കാക്കണം. മാത്രമല്ല, യുഎസ് ഇന്ത്യന്‍ അധികാരികള്‍ക്ക് കുറ്റകൃത്യവുമായി ബന്ധപ്പെട്ട മതിയായ തെളിവുകളും ഹാജരാക്കണം. ഇന്ത്യന്‍ അധികാരികള്‍ ഇത് വിലയിരുത്തും. കുറ്റാരോപണങ്ങള്‍ രാഷ്ട്രീയമാണെങ്കില്‍, മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിലവിലുണ്ടെങ്കില്‍, അല്ലെങ്കില്‍ തെളിവുകള്‍ അപര്യാപ്തമാണെങ്കില്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി കൈമാറല്‍ നിരസിച്ചെന്നും വരാം.
അറസ്റ്റുചെയ്യപ്പെടുകയോ സ്വമേധയാ ഹാജരാകുകയോ ചെയ്താല്‍
ഇനി, ഒരിക്കല്‍ അറസ്റ്റുചെയ്യപ്പെടുകയോ അല്ലെങ്കില്‍ അദാനി സ്വമേധയാ ഹാജരാകുകയോ ചെയ്താല്‍, അയാള്‍ ഒരു കോടതി നടപടികള്‍ക്ക് വിധേയനാകും. ഔപചാരിക കോടതി നടപടിക്രമമനുസരിച്ച് അവിടെ കുറ്റാരോപണങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയും പ്രതികള്‍ ‘കുറ്റവാളി’ അല്ലെങ്കില്‍ ‘കുറ്റവാളിയല്ല’ എന്ന ഹര്‍ജിയിലേക്ക് നീങ്ങുകയും ചെയ്യും. കേസ് തുടരുകയാണെങ്കില്‍, പ്രോസിക്യൂട്ടര്‍മാര്‍ സംശയാതീതമായി കുറ്റം തെളിയിക്കേണ്ട വിചാരണയിലേക്ക് നീങ്ങും. അദാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്നത് യുഎസ് കോടതി സമര്‍പ്പിച്ച കുറ്റങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. കൈമാറല്‍ വഴിയോ സ്വമേധയാ കോടതിയില്‍ ഹാജരാകുന്നതിലൂടെയോ ആകട്ടെ, അമേരിക്കയില്‍ അദാനിയുടെ നിയമപോരാട്ടം ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള സൗഹൃദം പരസ്യമായ രഹസ്യമായതിനാല്‍ ഈ കേസില്‍ ഇന്ത്യയുടെ നിലപാട് എന്താകും എന്നതും നിര്‍ണായകമാണ്. കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.