ടെഹ്റാന്‍: ഇറാന്‍ ഭരണകൂടം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിരന്തരം പോരാടിയ മനുഷ്യാവകാശപ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ നര്‍ഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവുകൂടി വിധിച്ച് ഇറാന്‍. രാജ്യത്തിനെതിരെ പോരാടിയെന്നാരോപിച്ചാണ് 15 മാസത്തെ അധിക ശിക്ഷ വിധിച്ചിരിക്കുന്നത്.
നിലവില്‍ ടെഹ്റാനിലെ എവിന്‍ ജയിലില്‍ 30 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് നര്‍ഗീസ്. രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ജയിലിലെ അച്ചടക്കമില്ലായ്മ, അധികാരികളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷയനുഭവിക്കുന്നത്. ഇതിനു പിന്നാലെയാണ് 15 മാസത്തെ അധിക തടവുകൂടി വിധിച്ചിരിക്കുന്നത്. നര്‍ഗീസ് മുഹമ്മദിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാലും രണ്ടുവര്‍ഷത്തേക്ക് വിദേശത്തേക്ക് പോകാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
സംഘടനകളുടെ ഭാഗമാവാന്‍ പാടില്ല, മൊബൈല്‍ ഫോണ്‍ കൈവശം വെക്കരുത് തുടങ്ങിയ വിലക്കുകളുമുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം തേടിയെത്തിയപ്പോഴും തടവറയ്ക്കുള്ളിലായിരുന്നു. 2023 ലാണ് നര്‍ഗീസിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. സമാധാന നൊബേല്‍ നേടുന്ന രണ്ടാമത്തെ ഇറാന്‍ വനിതയാണ് നര്‍ഗീസ് മുഹമ്മദി. 122 വര്‍ഷത്തെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാള്‍ക്ക് സമാധാന നൊബേല്‍ നല്‍കുന്നത്.