തിരുവനന്തപുരം: പി വി അൻവർ എം എൽ എ അടക്കം ഉന്നയിച്ച ആരോപണങ്ങളും വിവാദങ്ങളും ഒന്നും എം ആർ അജിത് കുമാറിനെ തൊടാനായിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രിസഭ തീരുമാനം. എ ഡി ജി പി സ്ഥാനത്ത് നിന്ന് അജിത് കുമാറിന് ഡി ജി പിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാകും അജിത് കുമാറിനെ ഡി ജി പിയായി പരിഗണിക്കുക.
എ ഡി ജി പി റാങ്കില്‍ നിന്നും ഡി ജി പി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര്‍ അജിത് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനുമാണ്. ഇരുവര്‍ക്കും അടുത്തു വരുന്ന ഒഴിവുകളില്‍ ഡി ജി പി റാങ്കിലേക്ക് പ്രമോഷന്‍ നല്‍കാനാണ് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. ഇതാണ് മന്ത്രിസഭായോഗം ഇന്ന് അംഗീകരിച്ചത്.
വിജിലന്‍സ് അന്വേഷണം നേരിടുന്നത് പ്രമോഷന്‍ നല്‍കുന്നതിന് തടസ്സമില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തി. സര്‍വീസ് ചട്ടപ്രകാരം ഒരാള്‍ സസ്‌പെന്‍ഷനിലാകുകയോ, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലോ മാത്രമാണ് തുടര്‍ സ്ഥാനക്കയറ്റത്തില്‍ നിന്നും പരിഗണിക്കാതിരിക്കൂ. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തി. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. അനധികൃത സ്വത്തു സമ്പാദനം, തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ചാണ് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.