തിരുവനന്തപുരം: ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ സിപിഐ സ്വരം കടുപ്പിച്ച സാഹചര്യത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് ഉടൻ മാറ്റിയേക്കുമെന്ന് സൂചന. ക്രമസമാധാനം മറ്റൊരു എഡിജിപി എച്ച്. വെങ്കിടേഷിന് കൈമാറി പ്രശ്നം തണുപ്പിക്കാനാണ് നീക്കം. ഇതുവഴി വലിയപരിക്കേൽക്കാതെ അജിത്കുമാറിനെ രക്ഷിക്കാനും കഴിയും. സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കടുത്തനടപടികളിലേക്ക് സർക്കാർ കടക്കാനിടയില്ല.
ക്രമസമാധാനത്തിനുപുറമേ സായുധ ബറ്റാലിയന്റെ ചുമതലയും എം.ആർ. അജിത്കുമാറിനുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുൻപ് വിവാദത്തിന്റെ കടുപ്പം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന നിഗമനത്തിലാണ് കേരള സർക്കാർ. ആർ.എസ്.എസ്. നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. ക്രമസമാധാനച്ചുമതലയിൽ തുടരാൻ പാടില്ല എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ചയും ആവർത്തിച്ചിരുന്നു.
ബുധനാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും. ക്രമസമാധാനച്ചുമതലയിൽനിന്ന് അജിത്കുമാറിനെ നീക്കിയാൽ സി.പി.ഐ. തൃപ്തരായേക്കും.
ADGP MR. Ajith Kumar may be removed from the charge of law and order