തിരുവനന്തപുരം: പി വി അൻവറും സി പി ഐയും അടക്കം ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ എ ഡി ജി പി എം.ആർ അജിത് കമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയേക്കും. നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ എ ഡി ജി പി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കുന്നതു സംബന്ധിച്ച് ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും. ഇക്കാര്യത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നല്‍കിയിട്ടുണ്ടെന്നതടക്കമുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
തൃശ്ശൂർ പൂരം കലക്കലിലെ തുടരന്വേഷണത്തിൽ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വ്യക്തമാകുന്നത്. എ ഡി ജി പിയെ മാറ്റണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലടക്കം ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും വിവരമുണ്ട്. വിവാദങ്ങളിൽ എ ഡി ജി പിയുടെ പങ്കിനെ കുറിച്ച് ഡി ജി പി അന്വേഷണം നടത്തും. പൂരം അട്ടിമറിയിൽ മറ്റൊരു അന്വേഷണവും ഉണ്ടാകുമെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പെന്നാണ് വിവരം.
അജിത് കുമാറിനൊപ്പം മറ്റ് എ ഡി ജി പിമാര്‍ക്കും സ്ഥാനമാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അജിത് കുമാറിനെ ഭരണപരമായ സൗകര്യമെന്ന സാങ്കേതികത്വം പറഞ്ഞു മറ്റൊരു ചുമതലയിലേക്കു നീക്കിയാല്‍ മതിയെന്ന അഭിപ്രായമാണ് സി പി എമ്മിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. പകരം ക്രൈം ബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷിനു ചുമതല നല്‍കിയേക്കും. മനോജ് ഏബ്രഹാമാണ് ഇന്റലിജന്‍സ് എ ഡി ജി പി. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, പൊലീസ് പരിശീലനച്ചുമതലയുള്ള എ ഡി ജി പി പി. വിജയന്‍, പൊലീസ് ആസ്ഥാനം എ ഡി ജി പി എസ് ശ്രീജിത്ത് എന്നിവരാണ് മറ്റ് എ ഡി ജി പി മാര്‍. എന്തായാലും വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിവാദ വിഷയങ്ങളിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വിവാദങ്ങൾ ചൂടേറിയ വിഷയമാകുമെന്നുറപ്പാണ്.