കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എഡിജിപി എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തി വഴിപാട് നടത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.
പുലർച്ചെ അഞ്ചോടെയാണ് അജിത് കുമാർ കണ്ണൂർ മാടായിക്കാവിലെത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടംതാലി, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി.
ഇതിന് പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദർശനം. ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ ഇവിടെ അദ്ദേഹം നടത്തി. സ്വകാര്യ സന്ദർശനമായിരുന്നു എ.ഡി.ജി.പി.യുടേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നു.
ക്ഷേത്രദർശനത്തിന് ശേഷം കണ്ണൂർ എ.ആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും. ആർ.എസ്.എസ്. ബന്ധത്തിന്റെപേരിൽ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് ഉടൻ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് എ.ഡി.ജി.പി.യുടെ ക്ഷേത്രദർശനവും വഴിപാടുകളും.
എ.ഡി.ജി.പി.ക്കെതിരേ ഉയർന്ന പരാതികളിൽ, അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും.
ADGP MR Ajitkumar visited Temples in Kannur Amid political controversies against him