ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത്; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 ലക്ഷ്യസ്ഥാനത്തെത്തി. വൈകീട്ട് നാലുണിയോടെ ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചു. പ്രധാനമന്ത്രിയാണ് എക്‌സിലൂടെ വിജയവാര്‍ത്ത അറിയിച്ചത്. ഇത് അക്ഷീണ പരിശ്രമത്തിന്റെ വിജയമാണെന്നും രാജ്യം മറ്റൊരു നാഴികകല്ലുകൂടി സൃഷ്ടിച്ചെന്നും മോദി എക്സില് കുറിച്ചു.

സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 125 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാഗ്രഞ്ച് പോയിന്റിലെത്തിയത്. 1,475 കിലോഗ്രം ഭാരമുള്ള പേടകം അഞ്ച് വര്‍ഷകാലമാകും സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടെത്തനായി ലാഗ്രഞ്ച് പോയിന്റില്‍ നിലകൊള്ളുക. സൂര്യനെ സദാസമയവും നിരീക്ഷിച്ച് ബഹിരാകാശ കാലവസ്ഥയെ പഠിക്കാന്‍ ശാസ്ത്രജ്ഞരെ അനുവദിക്കും. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലാഗ്രഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാകും പേടകം വലം വെക്കുക. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണിത്.

ശ്രീഹരിക്കോട്ടയില്‍നിന്ന് സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍-1 യാത്ര പുറപ്പെട്ടത്. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ

More Stories from this section

family-dental
witywide