
കൊച്ചി: എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളില്‍ മാറ്റിവച്ച നവകേരള സദസ് ഇന്നും നാളെയുമായി നടക്കും. അവസാനഘട്ട ഒരുക്കങ്ങള്‍ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തൃക്കാക്കര മണ്ഡലത്തിലേത് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലും വൈകിട്ട് 5ന് പിറവം മണ്ഡലത്തിലേത് പിറവം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഗ്രൗണ്ടിലും നടക്കും. നാളെ തൃപ്പൂണിത്തുറ മണ്ഡലത്തിലേത് ഉച്ചകഴിഞ്ഞ് 3ന് പുതിയകാവ് ക്ഷേത്രമൈതാനത്തും വൈകിട്ട് 5ന് കുന്നത്തുനാട് മണ്ഡലത്തിലേത് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടിലും നടത്തും.
ഡിസംബര്‍ 9 ന് മാറ്റിവച്ച നവകേരള സദസാണ് രണ്ടു ദിവസങ്ങളിലായി നടത്തുന്നത്. മറ്റ് മണ്ഡലങ്ങളിലേത് പോലെ നവകേരള ബസില്‍ തന്നെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും നാലു മണ്ഡലങ്ങളിലും എത്തുന്നത്. അതേസമയം, കഴിഞ്ഞ നവകേരള സദസില്‍ നിന്നും വ്യത്യസ്തമായി രണ്ടു പുതിയ മന്ത്രിമാര്‍ക്കൂടി ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കും. പുതുതായി അധികാരമേറ്റ ഗണേഷ്‌കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇന്നും നാളെയും പരിപാടിയുടെ ഭാഗമാകുന്നത്.