തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തിയതെന്തിന്? നവീനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്; കുടുംബത്തിന്‍റെ ഹർജിയിലെ വിവരങ്ങൾ പുറത്ത്

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ പുറത്ത്. നവിന്‍റെ മരണം കൊലപാതകമാണോയെന്നതടക്കമുള്ള സംശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഹർജി, നവീനെ ആരെങ്കിലും കൊന്നുകെട്ടിത്തൂക്കിയതാണോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും അതിൽ വിശ്വാസമില്ലെന്നു സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്‍കിയത്.

ആത്മഹത്യയാണെന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് കുടുംബം പറയുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ യഥാര്‍ത്ഥത്തിലുള്ള സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. അതിന് കേരള പൊലീസിന് പുറത്തുള്ള ഏജന്‍സി എന്ന നിലയില്‍ സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മരണത്തിന് തൊട്ടു പിന്നാലെ നവീന്‍ബാബു കൈക്കൂലി വാങ്ങിയതായി വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. നവീന്‍ബാബുവിന്റെ മരണത്തിന് പിന്നാലെ പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളില്‍ അടക്കം കുടുംബത്തിന് ആക്ഷേപമുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് തിടുക്കപ്പെട്ട് നടത്തിയത് സംശയം വര്‍ധിപ്പിക്കുന്നു. താനോ കുടുംബാംഗങ്ങളോ എത്തുന്നതിന് മുമ്പു തന്നെ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. നവീന്‍ബാബുവിന്റെ ബന്ധുവിനെ സാക്ഷിയാക്കി വേണമായിരുന്നു ഇന്‍ക്വസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ശരിയായ വിധത്തിലായിരുന്നില്ല നടന്നത്. ഇക്കാര്യത്തില്‍ ആരുടെയൊക്കെയോ ഏതൊക്കെയോ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളതായാണ് സംശയിക്കുന്നത്. യാത്രയയപ്പ് യോഗത്തിന് ശേഷം പ്രതിയായ വ്യക്തി ആരെയെല്ലാം കണ്ടു എന്ന് പരിശോധിക്കേണ്ടതുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. യാത്രയയപ്പിന് ശേഷം നവീൻബാബുവിനെ കണ്ടത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

More Stories from this section

family-dental
witywide