പിപി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു, കമ്മിഷണറടക്കം എത്തി ചോദ്യം ചെയ്യുന്നു; ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കീഴടങ്ങിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടങ്ങി. കണ്ണൂർ പൊലീസ് കമ്മീഷണറടക്കം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യയെ ചോദ്യം ചെയ്യുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ ദിവ്യയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്‍റെ നീക്കം.

അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവർ കീഴടങ്ങിയത്.

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതോടെ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താൻ കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം മുൻകൂർ ജാമ്യ ഹർജി തള്ളിയ വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. എ ഡി എമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ലെന്നും കോടതി ചൂണ്ടികാട്ടി. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു.

More Stories from this section

family-dental
witywide