കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും കുറ്റവാസനയോടെ നടപ്പാക്കിയ കൃത്യമായിരുന്നു നവീൻ ബാബുവിനെതിരായ അധിക്ഷേപമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നൽകിയിട്ടുണ്ട്. ഉപഹാര വിതരണത്തിന് നിൽക്കാത്തത് ക്ഷണമില്ലാത്തതിന്റെ തെളിവാണ്. ചടങ്ങിന്റെ വീഡിയോ എടുക്കാൻ ഏർപ്പാടാക്കിയത് ദിവ്യയാണ്. പമ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കളക്ടറേറ്റിൽ ഇൻസ്‌പെക്ഷൻ സീനിയർ സൂപ്രണ്ട് മൊഴി കൊടുത്തിട്ടുണ്ട്. നിയമ വ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും ഒളിവിൽ കഴിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാകുമെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു .ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനൽ കേസുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.