‘കക്ഷിചേരും’, അറസ്റ്റ് തടയാനുള്ള പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ നിർണായക നീക്കവുമായ നവീന്‍റെ കുടുംബം; കളക്ടറുടെ കത്തും തള്ളി

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായുള്ള പ്രതിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ കുടുംബം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ നവീൻ ബാബുവിന്റെ കുടുംബം തീരുമാനിച്ചു. നാളെത്തന്നെ നടപടികൾ തുടങ്ങുമെന്നും കുടുംബം അറിയിച്ചു. കണ്ണൂർ കളക്ടർ അരുൺ കെ വിജയന്‍റെ അനുശോചന കത്തും കുടുംബം തള്ളി.

കളക്ടറുടെ അനുശോചനത്തിന്‍റെ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കി. സബ് കളക്ടറുടെ കൈവശം കവറിൽ കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി ജോയിൻ്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖിലാണ് വ്യക്തമാക്കിയത്. കത്തിനെ ​ഗൗരവമായി കാണുന്നില്ല. ഓൺലൈൻ ചാനലിനെ വിളിച്ച് ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കളക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ​ഗൗരവമായി കാണുന്നില്ലെന്നും ഭാര്യ അറിയിച്ചതായും ജി അഖിൽ വിവരിച്ചു.

ദിവ്യയുടെ ജാമ്യ ഹ‍ർജി

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നും വിവരിച്ചുകൊണ്ടാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റുമായ പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

കളക്ടറുടെ അനുശോചന കത്ത്

ജീവനൊടുക്കിയ എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചുള്ളതാണ് കണ്ണൂർ കളക്ടർ അരുൺ കെ വിജയന്‍റെ കത്ത്. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിർവഹിച്ചയാളാണ് നവീൻ ബാബുവെന്നും നികത്താനാകാത്ത നഷ്ടമാണുണ്ടായതെന്നും കത്തിൽ കളക്ടർ അനുസ്മരിച്ചു. 8 മാസമായി എന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചയാളായിരുന്നു നവീൻ ബാബു. സംഭവിക്കാൻ പാടില്ലാത്ത, നികത്താൻ കഴിയാത്ത നഷ്ടമാണ് ഉണ്ടായത്. നിങ്ങളെ കാണുമ്പോൾ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല. എന്റെ ചുറ്റും ഇപ്പോൾ ഇരുട്ട് മാത്രമാണെന്നും വിഷമഘട്ടത്തെ അതിജീവിക്കാൻ എല്ലാവർക്കും കരുത്തുണ്ടാകട്ടേയെന്നും കളക്ടർ കത്തിൽ വിവരിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide