
കൊച്ചി: യാത്ര അയയ്പ്പു സമ്മേളനത്തിനിടെ അപമാനിക്കപ്പെട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അടുത്തമാസം 6 നാണ് കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലവും നല്‍കണം.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ വിശദവാദം അടുത്തമാസം 9 ന് കേള്‍ക്കും. കൊലപാതകം എന്നാണോ സംശയമെന്നും ആത്മഹത്യ എന്നല്ലേ പുറത്തു വന്നതെന്നും കോടതി ചോദിച്ചു.
പ്രതി സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകയാണെന്നും രാഷ്ട്രീയമായി ഉന്നത ബന്ധമുള്ള ആളാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിക്കും എന്നാണ് സംശയം എന്നും കോടതി ചോദിച്ചു.
കുറ്റപത്രത്തില്‍ വരുന്നത് കെട്ടിച്ചമച്ച തെളിവുകള്‍ ആയിരിക്കുമെന്നും ഹര്‍ജിയില്‍ തീരുമാനം ആകും വരെ കുറ്റപത്രം നല്‍കരുതെന്നും എ ഡി എമ്മിന്റെ ഭാര്യ ആവശ്യമുന്നയിച്ചു.
നവീന്‍ ബാബു മരിക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളില്‍ എന്താണ് സംഭവിച്ചത് എന്നത് പുറത്തു വന്നിട്ടില്ലെന്നു ഹര്‍ജിക്കാര്‍ പറഞ്ഞു. ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു തടയണമെന്ന ആവശ്യം പക്ഷേ കോടതി അംഗീകരിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നും അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുന്നതല്ലേ നല്ലത് എന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിന്റെ ഇന്‍സ്‌പെക്ടറോട് കേസ് ഡയറി ഹാജരാക്കാനും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചത്.
സി ബി ഐ അന്വേഷണം ഇല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.