തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
നവീന്‍ ബാബുവിന്റെ മരണം നടന്ന് 13 ദിവസമാകുമ്പോഴാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത്. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കിയതില്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മന്ത്രി ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
യാത്ര അയയ്പ്പു സമ്മേളനത്തിനിടെ ക്ഷണിക്കപ്പെടാതെ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ അപമാനഭാരത്താല്‍ നവീന്‍ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും ദിവ്യ ഒളിവിലാണെന്ന് ചൂണ്ടിക്കാട്ടി തുടര്‍ നടപടി സ്വീകരിക്കാതെ പൊലീസ് കണ്ണടയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്.