പത്തനംതിട്ട: അഴിമത് ആരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ നവീന്‍ ബാബുവിന് കണ്ണീരോടെ വിടനല്‍കാനൊരുങ്ങി പ്രിയപ്പെട്ടവര്‍. വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്.
വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോയ കളക്ടറേറ്റില്‍ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ദിവ്യ എസ്. അയ്യര്‍ മൃതദേഹത്തിനരികില്‍നിന്നു വിതുമ്പിക്കരഞ്ഞു. നവീന്റ മരണ വാര്‍ത്തയോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ദിവ്യ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത അനുഭവം പങ്കുവെച്ച ദിവ്യ വളരെ നല്ല ഉദ്യോഗസ്ഥനായിരുന്നു നവീനെന്നും ഓര്‍മ്മിച്ചു. അതേസമയം, നവീന്‍ ഇതിനേക്കാള്‍ മികച്ച യാത്രയയപ്പ് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു പത്തനംതിട്ട മുന്‍ കലക്ടറായിരുന്ന പി.ബി. നൂഹിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.
കളക്ടറേറ്റിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.