കണ്ണൂര്‍ കലക്ടര്‍ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കളുടെ മൊഴി

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുൺ കെ. വിജയനെതിരെ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) കെ. നവീൻ ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി സൂചന. കലക്ടര്‍ – എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല. ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെ മൊഴിയാണ് കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

നവീന്റെ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിൽ എത്തിയെങ്കിലും കലക്ടർ അരുൺ കെ വിജയന് വീട്ടിൽ പ്രവേശിക്കാൻ ബന്ധുക്കൾ അനുമതി നൽകിയിരുന്നില്ല. ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കാൻ അവസരം വേണമെന്നു ബന്ധുക്കളോട് മറ്റൊരാൾവഴി ആവശ്യപ്പെട്ടെങ്കിലും താത്പര്യമില്ലെന്ന മറുപടിയാണു കിട്ടിയത്.

നവീൻ ബാബുവിനു അവധി നല്‍കുന്നതില്‍ കടുത്തനിയന്ത്രണമുണ്ടായിരുന്നെന്നും സ്ഥലമാറ്റ ഉത്തരവു ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചെന്നും നവീന്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

അതേസമയം, കെ.നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് കലക്ടർ അരുൺ കെ.വിജയൻ ക്ഷണിച്ചതിനാലാണെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നത്. എഡിഎമ്മിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്. വീട്ടിൽ രോഗിയായ അച്ഛൻ, അമ്മ, മകൾ, ഭർത്താവ് എന്നിവരുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം.

നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.

ADM Naveen Babus relatives gave statement against Kannur Collector Arun K Vijayan

More Stories from this section

family-dental
witywide