കോന്നി: തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് ജോലി മാറ്റി നല്‍കണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ കോന്നി തഹസില്‍ദാരായ മഞ്ജുഷ, നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയത്.
നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ പിപി ദിവ്യക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. 11 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെ ദിവ്യ പുറത്തിറങ്ങിയിരുന്നു. അതേസമയം, ദിവ്യക്ക് ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്നും തുടര്‍നടപടികള്‍ അഭിഭാഷകനുമായി ആലോചിച്ച് ചെയ്യുമെന്നും മഞ്ജുഷ വ്യക്തമാക്കിയിരുന്നു.