തിരുവനന്തപുരം: എഡിഎം കെ. നവീന്‍ ബാബുവിനെ മരണവുമായി ബന്ധപ്പെട്ട ‘കൈക്കൂലി പ്രസംഗ’ വീഡിയോ പല മാധ്യമങ്ങള്‍ക്കും കൈമാറിയതു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തി. വിഡിയോ പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നു ജോയിന്റ് കമ്മിഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പു ചടങ്ങിലെത്തി ദിവ്യ പറഞ്ഞ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോള്‍ പമ്പിന്റെ ഫയല്‍ എഡിഎം വച്ചു താമസിപ്പിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമെന്നും കണ്ടെത്തലിലുണ്ട്. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ ഇനി അവരുടെ മൊഴി രേഖപ്പെടുത്താന്‍ നീക്കം ഉണ്ടാകില്ല.
അതേസമയം, യാത്രയയപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ നിഷേധിച്ചു. 14നു രാവിലെ നടന്ന ഒരു പരിപാടിയില്‍വെച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നവീന്‍ ബാബുവിനെ വിടുതല്‍ ചെയ്യാന്‍ വൈകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കളക്ടര്‍ നിഷേധിക്കുകയും ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാലാണ് വൈകിയതെന്ന് വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.