എ ഡി എമ്മിന്റെ ആത്മഹത്യ: ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെയാണ് നവീന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

എ ഡി എമ്മിന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. നവംബര്‍ 19 ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

പ്രസിഡന്റിന്റെ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide