കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ രഹസ്യമായി ഷൂട്ട്‌ചെയ്ത് പ്രചരിപ്പിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസെടുത്ത് നെടുമ്പാശേരി പൊലീസ്

കൊച്ചി: രഹസ്യമായി ചിത്രീകരിച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വ്‌ളോഗര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെന്ന കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെയാണ് കേസ്. അര്‍ജുന്‍ ‘മല്ലു ഡോറ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചത്.

വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ച് നെടുമ്പാശേരി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്.

ഡ്രോണ്‍ നിരോധിത മേഖലയായ കൊച്ചി വിമാനത്താവളത്തില്‍ അനുമതിയില്ലാതെയാണ് അര്‍ജുന്‍ ഡ്രോണ്‍ പറത്തിയത്. ഇക്കാര്യം ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.

നെടുമ്പാശേരി വിമാനത്താവളം, കൊച്ചിന്‍ നേവല്‍ ബേസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി തുറമുഖം, കണ്ടെയ്നര്‍ ടെര്‍മിനല്‍, എല്‍.എന്‍.ജി. ടെര്‍മിനല്‍, ഹൈകോടതി കെട്ടിടം എന്നിവ അതീവ സുരക്ഷ മേഖലകളില്‍ പെട്ടതാണ്. ആഗസ്റ്റ് 26നാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഡ്രോണും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide