വാഷിങ്ടൺ: കിഴക്കൻ യുഎസിലെ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിമാനം വഴിതിരിച്ചുവിട്ടു. ജോർജിയയിലെ അറ്റ്ലാന്റയിൽ നിന്നു മെരിലാന്റിലെ ജോയിന്റ് ബേസ് ആൻഡ്രൂസിലേക്കു പറന്ന എയർ ഫോഴ്സ് 2, വാഷിങ്ടണിലെ ഡാലസ് വിമാനത്താവളത്തിലേക്കു തിരിച്ചു വിട്ടതായി ഹാരിസിന്റെ പ്രസ് സെക്രട്ടറി കിർസ്റ്റീൻ അലൻ അറിയിച്ചു.
അതേസമയം, ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിലെ 49 കൗണ്ടികളിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് കിഴക്കോട്ടാണ് നീങ്ങുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മൂന്ന് ചുഴലിക്കാറ്റുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ നിന്ന് ഫെഡറൽ സഹായം തേടാനും സംസ്ഥാന ദേശീയ ഗാർഡിനെ സജീവമാക്കാനും ഗവർണറുടെ ഉത്തരവിൽ നിർദ്ദേശിക്കുന്നു. ശക്തമായ ഇടിമിന്നലുകളോടും ചുഴലിക്കാറ്റുകളോടും കൂടിയാണ് കൊടുങ്കാറ്റ് എത്തിയിരിക്കുന്നത്.
കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി. കാറ്റിനൊപ്പം ആലിപ്പഴവർഷവുമുണ്ട്. പാൻഹാൻഡിൽ വഴി ചൊവ്വാഴ്ച പുലർച്ചയോടെ അലബാമയുടെയും ജോർജിയയുടെയും ചില ഭാഗങ്ങളിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് തെക്ക് ഭാഗത്ത് ആഞ്ഞടിച്ചതോടെ നാല് മരണങ്ങൾക്ക് കാരണമായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. . ഫ്‌ളോറിഡയിലെ വാൾട്ടൺ കൗണ്ടിയിൽ കടൽത്തീരത്ത് പുലർച്ചയ്ക്ക് മുമ്പ് മണിക്കൂറിൽ 106 മൈൽ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി.
ജോർജിയയുടെയും ഫ്ലോറിഡയുടെയും അതിർത്തിക്കടുത്തുള്ള ചെറിയ നഗരമായ അലബാമയിലെ കോട്ടൺവുഡിന് സമീപം, 81 കാരിയായ ഷാർലറ്റ് പാസ്ചൽ തന്റെ മൊബൈൽ ഹോം തകർന്ന് കൊല്ലപ്പെട്ടതായി ഹ്യൂസ്റ്റൺ കൗണ്ടി കൊറോണർ പറഞ്ഞു. പ്രദേശത്ത് ചുഴലിക്കാറ്റ് വീശിയടിച്ചതായി സംശയിക്കുന്നു.
കനത്ത മഴയ്ക്കിടെ ജോൺസ്‌ബോറോയിലെ ഒരു സംസ്ഥാന പാതയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചതായി അറ്റ്‌ലാന്റയുടെ തെക്ക് ക്ലേട്ടൺ കൗണ്ടിയിൽ പോലീസ് പറഞ്ഞു.
നോർത്ത് കരോലിനയിൽ, ഷാർലറ്റിന്റെ വടക്ക് ക്ലെയർമോണ്ട് പട്ടണത്തിലെ മൊബൈൽ ഹോം പാർക്കിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ട് പേർ ഗുരുതരാവസ്ഥയിലാണെന്ന് കാറ്റൗബ കൗണ്ടി വക്താവ് ആമി മക്കോളി പറഞ്ഞു. റോക്കി മൗണ്ടിൽ, രാജ്യത്തെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ I-95 ന്റെ രണ്ട് ദിശകളും തകർന്ന വൈദ്യുതി ലൈനുകൾ അടച്ചതായി നോർത്ത് കരോലിനയിലെ ഗതാഗത വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.