ലോകക്രിക്കറ്റിൽ പുതു ചരിത്രമെഴുതി അഫ്ഗാൻ, ത്രില്ല‍ർ പോരിൽ ബംഗ്ലാദേശിനെ വീഴ്ത്തി സെമിയിൽ; ഓസ്ട്രേലിയയും പുറത്ത്!

സെന്റ് വിന്‍സെന്റ്: ലോക ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് അഫ്ഗാനിസ്ഥാൻ. ടി 20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തിൽ ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാന്‍ സെമി ഫൈനലിലെത്തി. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് അഫ്ഗാൻ ചരിത്രം കുറിച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റിലെ ലോകചാമ്പ്യൻമാരായ ഓസ്‌ട്രേലിയയും ടി 20 ലോകകപ്പിന്‍റെ സെമി കാണാതെ പുറത്തായി. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്‍റെ എതിരാളികൾ.

116 റണ്‍സ് എന്ന വിജയലക്ഷ്യമാണ് അഫ്ഗാന്‍ മുന്നോട്ടു വച്ചത്. ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് അനായാസം എത്താമെന്ന ബംഗ്ലാദേശിന്‍റെ പ്രതീക്ഷകൾ അഫ്ഗാൻ ബൗളർമാർ തകർത്തെറിഞ്ഞു. 17.5 ഓവറില്‍ എല്ലാവരും പുറത്താകുമ്പോൾ ബംഗ്ലാ കടുവകളുടെ സമ്പാദ്യം 105 ൽ ഒതുങ്ങി. 12.1 ഓവറില്‍ ജയിച്ചാൽ സെമിയിലെത്താമെന്ന പ്രതീക്ഷയിൽ ബാറ്റ് വീശിയതും ബംഗ്ലാ കടുവകൾക്ക് തിരിച്ചടിയായി.

ബംഗ്ലാദേശിന്റെ തുടക്കം തന്നെ മോശമായിരുന്നു. തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റെ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ 23 റണ്‍സിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും വിക്കറ്റ് നല്‍കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. അടുത്തടുത്ത പന്തുകളില്‍ മഹ്മുദുള്ള (6), റിഷാദ് ഹുസൈന്‍ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാന്‍ അഫ്ഗാനെ ചരിത്രമെഴുതാൻ സഹായിച്ചു. പ്രതീക്ഷയോടെ ബാറ്റ് വീശിയ ലിറ്റണ്‍ ദാസ് (54) അപരാജിതനായാണ് മടങ്ങിയതെങ്കിലും മറുവശത്ത് മുറയ്ക്ക് വിക്കറ്റ് വീണത് തിരിച്ചടിയായി. ഒടുവിൽ തസ്‌നിം ഹസനെ (3) ഗുല്‍ബാദിന്‍ നെയ്ബും ടസ്‌കിന്‍ അഹമ്മദ് (2), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവരെ നവീന്‍ ഉല്‍ ഹഖും മടക്കിയതോടെ ബംഗ്ല കടുവകൾ കൂട്ടിലായി. കൂടെ കംഗാരുപ്പടയും. നാല് വിക്കറ്റ് വീതം വീഴ്ത്തിയ നവീനും റാഷിദുമാണ് അഫ്ഗാന് സ്വപ്ന ജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന് പതിഞ്ഞ തുടക്കമായിരുന്നു ലഭിച്ചത്. പവര്‍ പ്ലേ പോലും മുതലാക്കാന്‍ സാധിച്ചില്ല. 27 റണ്‍സ് മാത്രമാണ് ആറ് ഓവറില്‍ ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്. 10 ഓവറില്‍ 58 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. 11-ാം ഓവറില്‍ ആദ്യ വിക്കറ്റും പോയി. 29 പന്തില്‍ 18 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനെ റിഷാദ് ഹുസൈന്‍ മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അസ്മതുള്ള ഒമര്‍സായ് (10), ഗുല്‍ബാദിന്‍ നെയ്ബ് (4), മുഹമ്മദ് നബി (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഗുര്‍ബാസും മടങ്ങി. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിംഗ്‌സ്. റാഷിദ് ഖാന്‍ (19), കരീം ജനത് (7) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും പുറത്താവാതെ നിന്നു.

AFG vs BAN Highlights, T20 World Cup Super 8: Afghanistan into the semi-final, Australia out

More Stories from this section

family-dental
witywide