ന്യൂഡല്‍ഹി: അസര്‍ബൈജാനില്‍ നടക്കാനിരിക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ അഫ്ഗാന്‍ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എഎഫ്പിയോട് പറഞ്ഞു. ഇത് താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ നീക്കമാണ് എന്നത് ശ്രദ്ധേയം.
കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ആറാം സ്ഥാനത്താണ്. ഇത് താലിബാന്‍ അധികാരികളെ COP ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചു. ഈജിപ്തിലെയും യുഎഇലെയും യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. അങ്ങനിരിക്കെയാണ് ഈ വര്‍ഷം COP29 ആതിഥേയരായ അസര്‍ബൈജാനില്‍ നിന്ന് ഒരു ക്ഷണം ലഭിച്ചത്.
അസര്‍ബൈജാനി തലസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയില്‍ ‘അഫ്ഗാന്‍ സര്‍ക്കാരിന്റെ ഒരു പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹര്‍ ബല്‍ഖി അറിയിച്ചു.