11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ‘വിധി’ അനുകൂലം ; നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി

കൊച്ചി: യെമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി ലഭിച്ചു. നീണ്ട പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിനും നിയമ പോരാട്ടത്തിനുമൊടുവിലാണ് അമ്മയും മകളും കാണാനൊരുങ്ങുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലില്‍ എത്താനാണ് ജയില്‍ അധികൃതരുടെ നിര്‍ദേശം. ഇതിന്‍പ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം ഇരുവരും തമ്മില്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും കൊച്ചിയില്‍നിന്ന് യെമെന്‍ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. അവിടേക്കുള്ള യാത്രാ അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരും സനയില്‍ എത്തിയത്.

യെമന്‍ പൗരന്റെ കുടുംബത്തെ കാണാനായിരിക്കും പ്രേമകുമാരിയുടെ അടുത്ത ശ്രമം. ദിയ ധനം (ബ്ലഡ് മണി) സ്വീകരിച്ച് മകള്‍ക്ക് മാപ്പ് നല്‍കി തൂക്കുകയറില്‍ നിന്നും രക്ഷിക്കാനായി എങ്ങനെയും അവരെ സമ്മതിപ്പിച്ചെടുക്കുക എന്നതായിരിക്കും ഈ അമ്മ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുല്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

More Stories from this section

family-dental
witywide